പ്രണവ് കല്യാണി കോമ്പോ വീണ്ടും ഈ ജോഡി വീണ്ടും ഒന്നിക്കുന്നു

ഹൃദയം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ ജോഡിയാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ഹൃദയത്തിന് മുമ്പ് പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചെങ്കിലും അധികസമയം ഉണ്ടായിരുന്നില്ല. പിന്നാലെ വന്ന ഹൃദയത്തില്‍ സെക്കന്റ് ഹാഫ് മുഴുവന്‍ ഒരുമിച്ച് അഭിനയിച്ച പ്രണവിന്റേയും കല്യാണിയുടെയും കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. ഹൃദയത്തിന് ശേഷം സിനിമാ പ്രേമികള്‍ ഏറെ ആഘോഷിച്ച ജോഡിയായിരുന്നു പ്രണവിന്റേയും കല്യാണിയുടേതും.

ഇരുവരും വീണ്ടും ഒരുമിച്ചേക്കാം എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഹൃദയത്തിന്റെ കലാസംവിധായകനായ പ്രശാന്ത് അമരവിളയാണ് ഇത് സംബന്ധിച്ച ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഹൃദയത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ മൂവരും നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ‘വീണ്ടും ഒരുമിക്കാന്‍ പോകുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്.അടുത്തിടെ അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇനി അതല്ല വിനീത് ശ്രീനിവാസന്റെ ചിത്രം തന്നെ ആയിരിക്കും എന്നും ചില ആരാധകര്‍ പറയുന്നുണ്ട്.