പതിനാല് വർഷം, ആയിരം പ്രതിബന്ധങ്ങൾ, പക്ഷേ പൃഥ്വിരാജിന്റെ മാറ്റം ആരും കണ്ടില്ല

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആധാരമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീര ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊവിഡ് പ്രതിസന്ധി കാരണം ആടുജീവിതത്തിന്റെ വിദേശ ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ ജോര്‍ദാനില്‍ ഷൂട്ട് ചെയ്യാന്‍ ബാക്കിയുള്ള ഭാഗം ചിത്രീകരിക്കാന്‍ പൃഥ്വിയും സംഘവും ഏപ്രില്‍ അവസാന വാരം ജോര്‍ദാനിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ണമായും കഴിഞ്ഞിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിതം’ ചിത്രീകരണം പൂർത്തിയായി. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിനാണ് ജൂലൈ 14ന് സമാപനമായത്. ‘‘നീണ്ട പതിനാല് വർഷങ്ങൾ, ഒരായിരം പ്രതിബന്ധങ്ങൾ, ദശലക്ഷം വെല്ലുവിളികൾ, ഒരു മഹാമാരിയുടെ മൂന്ന് തരംഗങ്ങൾ..ഒരേയൊരു ഉൾക്കാഴ്ച…ബ്ലെസിയുടെ ആടുജീവിതം,
മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകൾ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല.

ചിത്രീകരണത്തിനായി 160 ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ റാന്നിയില്‍ ആയിരുന്നു. 2018 ഫെബ്രുവരിയിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പത്തനംതിട്ടയിലായിരുന്നു തുടക്കവും. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. അവിടെ 30 ദിവസത്തോളം വര്‍ക്കുണ്ടായിരുന്നു. അതിനുശേഷം 2019 ല്‍ ജോര്‍ദ്ദാനിലേക്കു പോകാന്‍ പദ്ധയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിങ് മാറ്റിവച്ചു. പിന്നീട് 2020 ലാണ് ജോര്‍ദ്ദാനിലെത്തുന്നത്.