ബറോസ് ഷൂട്ടിംഗ് അവസാനിപ്പിച്ചു ഇനി മോഹൻലാൽ റാമിലേക്ക്

മലയാളികളുടെ പ്രിയതാരം മോഹൻലാൽ(Mohanlal) ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ് . പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഏറെനാളത്തെ ഷൂട്ടിം​ഗിന് ശേഷം ചിത്രത്തിന് പാക്കപ്പ് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. നടൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ബറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള ഫോട്ടോ സഹിതമാണ് ചിത്രീകരണം പൂർത്തിയായ വിവരം മോഹൻലാൽ അറിയിച്ചത്. ‘ഇതാണ് ടീം ബറോസ്, ലൊക്കേഷനിനോട് സൈനിങ് ഓഫ് പറയുന്നു. ഇനി കാത്തിരിപ്പ് ആരംഭിക്കുന്നു’, എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളും നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.