പൊന്നിയിൻ സെൽവൻ കാണാൻ പോകുമ്പോൾ ഇതൊക്കെ നിങ്ങൾ അറിയണം

ഏറെക്കാലമായി സിനിമാലോകം ഉറ്റുനോക്കിയ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ ഒന്നാം ഭാഗം തീയേറ്ററുകളില്‍ കഴിഞ്ഞ ദിവസം റിലീസ് ആയി . തമിഴിനൊപ്പം മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഒരുമിച്ചാണ് ഈ ഇതിഹാസചിത്രം എത്തിയിരിക്കുന്നത്. പിഎസ്-1 സിനിമ റിലീസാകുന്നത് ഇപ്പോഴാണെങ്കിലും പൊന്നിയിന്‍ സെല്‍വന്‍ തമിഴ്ജനതയുടെ രക്തത്തിലേക്ക് അലിഞ്ഞുചേര്‍ന്നിട്ട് ഏഴ് പതിറ്റാണ്ടോളമായി. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ നോവലിന്റെ മികവും ജനപ്രീതിയും കാരണം എംജിആര്‍ ആണ് പൊന്നിയില്‍ സെല്‍വന്‍ ചിത്രമാക്കാന്‍ ആദ്യം ശ്രമിച്ചത്. പിന്നീട് ആ സ്വപ്നം സംവിധായകന്‍ മണിരത്‌നത്തിലേക്ക് എത്തിയെങ്കിലും പൊന്നിയിന്‍ സെല്‍വന്‍ ബാലികേറാമലയായി തുടര്‍ന്നു. എംജിആര്‍-ജെമിനി ഗണേശന്‍ എന്നിങ്ങനെ ആരംഭിച്ച പൊന്നിയിന്‍ സെല്‍വന്റെ സ്റ്റാര്‍കാസ്റ്റില്‍ കാലക്രമേണ രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, മഹേഷ്ബാബു എന്നിങ്ങനെ പേരുകള്‍ മാറി മാറി വന്നു. ര്‍ഷങ്ങളായി ആരാലും സാധിക്കാതിരുന്നത് ഒടുവില്‍ മണിരത്‌നം യാഥാര്‍ത്ഥ്യമാക്കി മാറ്റിയപ്പോള്‍ താരനിര വീണ്ടും പുതുക്കപ്പെട്ടു. ഇപ്പോള്‍ തീയേറ്ററുകളിലേക്ക് എത്തിയ ‘പൊന്നിയിന്‍ സെല്‍വനി’ല്‍ വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം,

 

 

പ്രകാശ് രാജ്, റഹ്‌മാന്‍, ശോഭിത ധൂലിപാല, പ്രഭു, ശരത് കുമാര്‍, പാര്‍ത്ഥിബന്‍, വിക്രം പ്രഭു, ലാല്‍, റിയാസ് ഖാന്‍, ബാബു ആന്റണി എന്നിങ്ങനെ നീളുന്ന വമ്പന്‍ താരനിരയാണുള്ളത്. മഹാഭാരതവും, രാമായണവും പോലെയൊന്ന് എന്ന തരത്തില്‍ ഉപമിക്കാന്‍ സാധിക്കുന്ന സൃഷ്ടിയാണ് കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വന്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്വീകാര്യത ഒട്ടും നഷ്ടപ്പെടാത്ത ഈ നോവലിനെ സംവിധായകന്‍ മണിരത്‌നം എങ്ങനെയാണ് സിനിമയാക്കിയതെന്ന ജിജ്ഞാസ തീയേറ്ററിലെത്തുന്ന ഭൂരിഭാഗം പ്രേക്ഷകരിലും ഉണ്ടാകും. കഥയുടെ മഹിമയും, സംവിധായകനോടുള്ള വിശ്വാസവും, മികച്ച അഭിനേതാക്കളുടെ നിരയും, പ്രതിഭാശാലികളായ സാങ്കേതിക പ്രവര്‍ത്തകരുടെ സാന്നിധ്യവും, വലിയ ക്യാന്‍വാസിന് അനുസരിച്ചുള്ള നിര്‍മ്മാണ നിലവാരവും എല്ലാം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. നോവലിനോട് നീതി പുലര്‍ത്തുന്നതിനേക്കാളും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കുക എന്നതാണ് സിനിമയ്ക്ക് നേരിടാനുള്ള ഏറ്റവും വലിയ വെല്ലുവിളി.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →